വിജ്ഞാനം


 


വിജ്ഞാനം

 

എന്താണ് വിജ്ഞാനം ?

 ഒരു കാര്യത്തെ കുറിച്ച് പൂർണമായ അറിവ്, ധാരണ അതാണ് വിജ്ഞാനം.  വിജ്ഞാനത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം.  ജനനം മുതൽ മരണം വരെയും അറിവ് അന്വേഷിക്കാൻ മനുഷ്യനോട് ഇസ്‌ലാം ആവശ്യപ്പെടുന്നു. അവനോട് ഉറ്റാലോചിക്കുവാൻ വേണ്ടി ഖുർആനിൽ പല സന്ദർഭങ്ങളിലായി  അള്ളാഹു ആവർത്തിച്ചു പറയുന്നുണ്ട്.

        അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും അവനിൽ കേൾവി, കാഴ്ച്ച, മുതലായ അറിവുകൾ നേടുന്നതിനുള്ള ഉപകരണങ്ങൾ അവന് നൽകുകയും ചെയ്തു. അള്ളാഹു പറയുന്നു : “പിന്നെ അവനെ ശെരിയായ  രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനിൽ ഊതുകയും ചെയ്തു. നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി തരുകയും ചെയ്തു. കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ” (32:09).

          മനുഷ്യരാശിയെ ദൈവത്തോടും അവന്റെ സൃഷ്ടികളോടും കൂടുതൽ അടുപ്പിക്കുന്ന തരത്തിൽ ചിന്തിക്കുവാനും, പ്രതിഫലിപ്പിക്കുവാനും അതോടൊപ്പം തന്നെ അറിവ് നേടുവാനും ഖുർആൻ ആവശ്യപ്പെടുന്നു. അതിൽ നിന്ന് തന്നെ വിജ്ഞാനത്തിനോട് ഇസ്‌ലാമിനുള്ള പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.

വിജ്ഞാനന്വേഷണത്തിന്റെ പ്രാധാന്യം

    ഇസ്‌ലാം അറിവിന്റെ മതമാണ്.ഖുർആനിലെ ആദ്യ ആയത്ത് അവതരിച്ചത് തന്നെ വിജ്ഞാനത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ്.

ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ١ خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ ٢ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ٣ ٱلَّذِى عَلَّمَ بِٱلْقَلَمِ ٤ عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ ٥

പേന കൊണ്ട് പഠിപ്പിച്ചവന്‍. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (96:1-5)

ഖുർആനിക വീക്ഷണമനുസരിച്ച് യഥാർത്ഥ സമാധാനം നിലനിൽക്കാനും  നീതിയുക്തമായ ഒരു ലോകം സൃഷ്ടിക്കുന്നതിനും അറിവ്  അനിവാര്യമാണ്.  അറിവുള്ളവരെ കുറിച്ച് ഖുർആനിൽ പറയുന്നു : “നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ് ” (58:11).

 മനുഷ്യൻ അവൻ ജനിക്കുമ്പോൾ തികച്ചും ദുർബലനാണ്. നിങ്ങൾ ഒന്നും അറിയാത്ത അവസ്ഥയിൽ നിങ്ങളുടെ മാതാവിന്റെ ഉദരങ്ങളിൽ നിന്ന് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നിരിക്കുന്നു. എന്നിട്ട് അവൻ നിങ്ങൾക്ക് കേൾവിയും, കാഴ്ച്ചയും, ഹൃദയങ്ങളും നൽകുകയും ചെയ്തു.(16:78)

             വിജ്ഞാനത്തിന് അഥവാ അറിവിന്‌ വളരെയധികം പ്രോത്സാഹനം നൽകുന്ന ഇസ്‌ലാം അറിവില്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനെ പൂർണ്ണമായും വിലക്കിയിരിക്കുന്നു. അവർക്ക് അല്ലാഹു ഖുർആനിൽ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

നിനക്ക് അറിവില്ലാത്തതിനെ നീ പിന്തുടരരുത്. അല്ലെങ്കിൽ പറയരുത്. തീർച്ചയായും അവരിൽ ഓരോരുത്തരുടെയും കേൾവിയും, കാഴ്ച്ചയും, ഹൃദയവും അല്ലാഹു ചോദ്യം ചെയ്യപ്പെടും.(17:36)

 അറിവ് നേടലിന്  പ്രായപരിധിയില്ല. ഒരു വ്യക്തിക്ക് കാഴ്ച്ചയും, കേൾവിയും, ഹൃദയവും ഉള്ളടത്തോളം കാലം അറിവ് കാംക്ഷിക്കാം. ഏതൊരു വ്യക്തിയും പൂർണ്ണ അറിവോടെ കൂടി ജനിക്കുന്നില്ല. നേടുന്ന അറിവുകൾ ഒരിക്കലും അവസാനിക്കുകയുമില്ല. ഓരോ അറിവിന്‌ പിറകെയും പുതിയ പുതിയ അറിവുകൾ ഉണ്ടാകും.

 നമ്മുടെയെല്ലാം മുൻഗാമികൾ, പണ്ഡിതന്മാർ, രാപ്പകൽ ഭേദമന്യേ  കിലോമീറ്ററുകളോളം കാൽനടയായും മറ്റും  യാത്രകൾ ചെയ്ത് അറിവ് അന്വേഷിക്കുന്നവരായിരുന്നു. അവരുടെ ജീവിതത്തിന്റെ സിംഹഭാഗവും അറിവന്വേഷിക്കാൻ വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങി പുറപ്പെട്ടവരാണവർ. ചെറിയ പ്രായം മുതൽക്കേ ദീനിലുള്ളതിനെ കൂടുതൽ അറിയാനും പഠിക്കാനും വേണ്ടി നടന്നവരാണവർ. അറിവന്വേഷിക്കുന്നതിന്റെ കാരണത്താൽ ഭക്ഷണം കുറച്ചവർ! വിവാഹം കഴിക്കാത്തവർ! തുടങ്ങി പല ത്യാഗങ്ങൾ സഹിച്ചവരാണവർ.

  എന്നാൽ !! നമുക്കിന്ന് എല്ലാ സൗകര്യങ്ങളും ഉണ്ട്. അറിവുകൾ നമ്മുടെ വിരൽ തുമ്പിലുണ്ട്. അറിയുക, പഠിക്കുക, പകർന്നു കൊടുക്കുക. നന്മയിൽ മുന്നേറാൻ പരിശ്രമിക്കുക. നാഥൻ അനുഗ്രഹിക്കട്ടെ.


റിനീഫ റഹ്മത്തുല്ലാഹ്
(മഅ്ഹദുല്ലുഗഒന്നാം വർഷം, 2022-23)


Comments

Post a Comment

Popular Posts