അറിവിന്റെ മഹത്വം

 


അറിവിന്റെ മഹത്വം


    എന്താണു യഥാർത്ഥ അറിവ്‌? അറിവുകള്‍ മനുഷ്യനെ സദാചാരത്തിനു പ്രേരിപ്പിക്കുന്നതായിരിക്കണം. മരണാനന്തര ജീവിതത്തിലെ മോക്ഷത്തിനു വേണ്ടിയുള്ള അറിവിനായിരിക്കണം ഒരു മുസ്ലിം പ്രാധാന്യം നൽകേണ്ടത്

    അറിവ്, മനുഷ്യന്റെ അമലുകളുടെ ആധാരമാണ്. ഊർജ സ്രോതസ്സാണ്. ശരി തെറ്റുകളുടെ അവലംബമാണ്.അറിവ് ലക്ഷ്യം വെച്ചവൻ സ്വീകരിക്കേണ്ട മാർഗങ്ങളുണ്ട്. ശീലിക്കേണ്ട മര്യാദകളുണ്ട്.അറിഞ്ഞിരിക്കേണ്ട പാഠങ്ങളുണ്ട്.

    പ്രധാനമായി, അറിവ് നേടുന്നതിന്റെ ലക്ഷ്യം, അഥവാ നിയ്യത്ത് പൂർണ്ണമായി അള്ളാഹുവിന്റെ വജ്ഹ് മാത്രമായിരിക്കണം. അതായത്, ശരിയായ രൂപത്തിൽ അമൽ ചെയ്യാൻ ശറഈ ഇൽമു കരസ്ഥമാക്കുക എന്നത് അടിസ്ഥാന ലക്ഷ്യം ആയിരിക്കേണ്ടതുണ്ട്.

    അറിവ് ദീനിൽ സർവപ്രധാനമാണ്. അതിനോളം മഹത്തരമായ മറ്റൊരു കർമവുമില്ല. സർവ്വകർമങ്ങളുടെയും പ്രേരകവും പ്രചോദനവുമാണ്. ഭക്തനെ കൂടുതൽ ഭക്തനാക്കുന്നതിനും പോരാളിക്ക് ആത്മവീര്യം പകരുന്നതും മടിയനെ ഉത്സാഹിയാക്കുന്നതും കർമങ്ങളെ കുറിച്ചുള്ള ജ്ഞാനവും അവബോധവുമാണ്. അതില്ലാത്തവർക്ക് പ്രവർത്തനമാർഗത്തിൽ മുന്നോട്ട് ഗമിക്കാനോ പരീക്ഷണങ്ങളെ സമചിത്തയോടെ തരണം ചെയ്യാനോ സാധിക്കുകയില്ല... 

നബി ﷺ പറയുന്നു:

من سلك طريقا يلتمس فيه علما سهل الله له به طريقا إلى الجنة .

(‏رواه مسلم‏)‏‏

    ഏതെങ്കിലും ഒരാൾ അറിവ് തേടിക്കൊണ്ട് ഒരു വഴിയിൽ പ്രവേശിച്ചാൽ, അത് മുഖേന സ്വർഗത്തിലേക്കുള്ള വഴി അള്ളാഹു അവന് എളുപ്പമാക്കി കൊടുക്കുന്നതാണ്.(മുസ്ലിം)


    ഓരോ മുസ്ലിമിന്റെ മേലിലും ദീൻ പടിക്കൽ നിർബന്ധമാണ്. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിൽ പഠിപ്പിക്കപ്പെട്ട കാര്യങ്ങൾക്കാണ് യഥാർത്ഥത്തിൽ അറിവ് എന്ന് പറയുക. പ്രവർത്തനത്തിന് പ്രേരിപ്പിക്കാത്ത ഒരു അറിവും മതത്തിൽ ഇല്ല. ഒരു അറിവ് കൊണ്ട് ഉയരണമെങ്കിൽ അത് പ്രവർത്തിക്കണം, എന്നാലേ ഉയർച്ച ഉണ്ടാകൂ. അറിവിന്‌ മാത്രമായി നിലനിൽപ്പില്ല. അറിവ് ഒരു പ്രവർത്തനത്തിലേക്കുള്ള വഴി മാത്രമാണ്. ഒരു കാര്യം അറിഞ്ഞാൽ നമ്മൾ അത് അനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ ആ അറിവിന്‌ അസ്തിത്വമുള്ളൂ. അറിവ് അനുസരിച്ച് ജീവിക്കാത്തവന് ഇഹലോകത്തും പരലോകത്തും സമാധാനം ഉണ്ടാകില്ല. സൗഭാഗ്യ ജീവിതം നമുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ നമ്മൾ എന്ത് അറിഞ്ഞിട്ടുണ്ടോ അത് അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവണം.

    അള്ളാഹു പറയുന്നു: “അറിവ് അനുസരിച്ച് പ്രവർത്തിക്കുന്നവന്റെ അവസ്ഥ ഇതായിരിക്കും;എന്റെ അറിവിനെ പിൻപറ്റുന്ന ഒരുത്തൻ,അവൻ പിഴച്ച് പോവുകയില്ല”.ഇനി അറിവ് തേടി മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്ത് അവനവന്റെ ജീവിതത്തിൽ പകർത്താത്ത ആളുകൾ, അവനെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞത് അവൻ മെഴുകുതിരിപോലെയാണ്.മെഴുകുതിരി എല്ലാവർക്കും വെളിച്ചം പകരും, പക്ഷെ മെഴുകുതിരി ഉരുകി ഉരുകി തീരുന്നു.മാത്രമല്ല പരലോകത്ത് അവർക്കുണ്ടാകുന്നത് വലിയ ശിക്ഷയാണ്. നരകത്തിന്റെ കത്രിക കൊണ്ട് അവന്റെ ചുണ്ടുകളെ മുറിക്കപ്പെടും.അള്ളാഹു നമ്മെ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ...ആമീൻ 

   ഈ ദുനിയാവിൽ വെച്ച് നബി ﷺ തങ്ങളോട് വർധനവിന് വേണ്ടി ആവശ്യപ്പെടാൻ അള്ളാഹു പറഞ്ഞ ഏക കാര്യം അറിവാണ്.

ربّ زدنی علما

“അല്ലാഹുവേ നീ എനിക്ക് അറിവ് വർധിപ്പിച്ച് തരേണമേ ”.

    സ്വത്ത് വർധിപ്പിച്ച് കൊടുക്കാൻ നബി ﷺ ദുആ ചെയ്തിട്ടില്ല മറ്റു ദുനിയാവിന്റെ സുഖസൗകര്യങ്ങളിലുള്ള വർധനവ് നബി ﷺ ആവശ്യപ്പെട്ടിട്ടില്ല. നബി ആയിരിക്കെ, പ്രവാചകനായിരിക്കെ, വഹ് യുള്ള ആളായിരിക്കെ റസൂലുള്ളാഹി ﷺ വർധനവിന് വേണ്ടി ആവശ്യപ്പെടുന്നത് അറിവിന്റെ വിഷയത്തിലാണ്. പ്രവാചകന്മാര്‍ അനന്തര സ്വത്തായി വിട്ടേച്ചു പോയത് ദീനാറോ ദിര്‍ഹമോ അല്ല. മറിച്ച് അറിവാണ്.

  അത് കൊണ്ട് സഹോദരങ്ങളെ ഒരു യഥാർത്ഥ മുസ്ലിമായി ജീവിച്ച് മരിച്ചു പോകുവാനും പരലോകത്ത് വിജയിക്കുവാനും ആവശ്യമായ സുപ്രധാനമായ രണ്ട് കാര്യങ്ങളാണ് ഒന്ന് അറിവ് നേടൽ രണ്ടാമത്തേത് ആ അറിവ് അനുസരിച്ച് പ്രവർത്തിക്കലാണ്.

    അള്ളാഹു നാം ഏവരേയും അപ്രകാരം ജീവിച്ച് മരിച്ചുപോകുവാനുള്ള തൗഫീക്ക് നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.


ഫഹ്മ എ. എ
( മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)



Comments

  1. This comment has been removed by the author.

    ReplyDelete

Post a Comment

Popular Posts