ഹിജാബി


 

ഹിജാബി


    ബാംഗ്ലൂരിലെ ക്യാമ്പസിൽ അഡ്മിഷൻ കിട്ടിയപ്പോൾ നഗരം മൊത്തം ചുറ്റിക്കറങ്ങാനും ജീവിതം അടിച്ചുപൊളിക്കാനുമുള്ള ഒരു അവസരമായാണ് ഞാനതിനെ കണ്ടത്. ക്യാമ്പസിലെ ആദ്യദിവസം മൈതാനത്തിലൂടെ നടന്നു നീങ്ങുമ്പോൾ എല്ലാവരും ആശ്ചര്യത്തോടെ തുറിച്ചു നോക്കുന്ന ഒരു പെൺകുട്ടിയിലേക്ക് എന്റെ കണ്ണുകൾ പതിഞ്ഞു. ഒരു ഹിജാബി! ഞാനടക്കമുള്ള മുസ്ലിം പെൺകുട്ടികൾ ടോപ്പും ജീൻസും പേരിനൊരു ഷാളും ധരിച്ചു നടക്കുമ്പോൾ ഇവളെന്താ ഇങ്ങനെ എന്ന് ഞാനും ചിന്തിച്ചു. "പാക്കിസ്ഥാനിലേക്ക്  ഉള്ള വഴിതെറ്റി വന്നതാണെന്ന് തോന്നുന്നു"എന്ന് കുട്ടികൾ  അവൾക്കു പിറകിൽ പിറുപിറുക്കുന്നുണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെ അവൾ എനിക്ക് മുമ്പിലൂടെ കടന്നുപോയി.


 ഞാൻ ക്ലാസ്സിൽ പ്രവേശിച്ചപ്പോൾ മുൻ ബെഞ്ചിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ആ പെൺകുട്ടി. മറ്റു സീറ്റുകൾ എല്ലാം കുട്ടികളാൽ നിറഞ്ഞിരുന്നതിനാൽ എനിക്ക് ആ പെൺകുട്ടിയുടെ അടുത്തിരിക്കേണ്ടിവന്നു.

    ഏറെ നേരത്തെ മൗനത്തിനു ശേഷം ഞങ്ങൾ പരിചയപ്പെട്ടു. ഞാൻ അവളോട് അവളുടെ വസ്ത്രധാരണത്തെക്കുറിച്ച് തിരക്കിയപ്പോൾ അവൾ എനിക്ക് അവളുടെ ചിന്തകളും വിശ്വാസവും പങ്കുവെച്ചു.

     അതിൽ താല്പര്യം പ്രകടിപ്പിച്ച ഞാൻ അതിനെക്കുറിച്ച് കൂടുതൽ തിരക്കി;  അവളെ കൂടുതൽ അടുത്തറിഞ്ഞു. 

     ഞാൻ കരുതിയിരുന്ന പാവപ്പെട്ട വിശ്വാസികളെ പിഴുതു പണമുണ്ടാക്കുന്ന ഒരു മതമല്ല ഇസ്ലാം എന്ന് അവൾ എന്നെ പഠിപ്പിച്ചു. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിച്ചു അവനു മുമ്പിലല്ലാതെ മറ്റാർക്കും മുമ്പിലും നിൻ്റെ തലതാഴരുത്, നിന്റെ മുട്ടുകൾ മടങ്ങരുത്, നിന്റെ മുതുക് വളയരുത് എന്ന് പഠിപ്പിച്ച പരിശുദ്ധ ദീനിന്റെ മഹത്വം എനിക്ക് അവൾ പകർന്നു നൽകി. 

     പരിഹസിക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോട് സ്നേഹത്തിന്റെയും വിനയത്തിന്റെയും ഭാഷയിൽ സംസാരിച്ച് അവൾ എനിക്ക് പ്രവാചകന്റെ ചര്യ തുറന്നുകാട്ടി. ശിർക്കിലും ബിദ്അത്തിലും ആണ്ടു പോയിരുന്ന എന്നിലേക്ക് അവൾ തൗഹീദിന്റെ വെളിച്ചം വീശി.

      അടുത്തദിവസം മുതൽ ക്യാമ്പസിൽ കുട്ടികളുടെ തുറിച്ചുനോട്ടങ്ങൾക്കു കുറുകയായി ഒരു ഹിജാബി കൂടി നടന്നു നീങ്ങി.


ഷിഫാന തസ്നീം
(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)

Comments

Popular Posts