ഇന്നലെകളിൽ


 

ഇന്നലെകളിൽ


      അവളുടെ പേര് ഹിന. കഴിഞ്ഞ വർഷം മുതൽ ജാമിഅയിൽ പഠിക്കുന്നു. വീട്ടിൽ നിന്നുള്ള അധികമായ മാതാപിതാക്കളുടെ നിർബന്ധം കാരണം ഹോസ്റ്റൽ ജീവിതം മാത്രം ആഗ്രഹിച്ചുകൊണ്ട് വന്നവളാണ്. വളരെയധികം സൗഹൃദ വലയങ്ങളും ഭൗതിക ജീവിതവും മാത്രം സുന്ദരമാക്കി നടന്നിരുന്നത് കൊണ്ട് തന്നെ ഇങ്ങനെയുള്ള ഒരു മതവിജ്ഞാനത്തിന്റെ നിറകുടമാകുന്ന ഈ ക്യാമ്പസിലേക്ക് തനിക്ക് ഇൻ്റർവ്യൂവിൽ കിട്ടുകയില്ല എന്ന് കരുതി കൊണ്ടാണ് ഹിന ക്യാമ്പിൽ പങ്കെടുത്തിരുന്നത്. ഇൻ്റർവ്യൂ ക്യാമ്പ് അവൾക്ക് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. അല്ലാഹുവിൻ്റെ വിധിപ്രകാരം അവൾ ഇൻ്റർവ്യൂവിൽ പാസായി. ഇൻ്റർവ്യൂ പാസ്സായതിലൂടെ ഹിനയുടെ മാതാപിതാക്കളുടെ വലിയ ഒരാഗ്രഹം സഫലമാവുകയാണ് ഉണ്ടായത്.

      അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ക്യാമ്പസിന്റെ തുടക്കം ആയതുകൊണ്ട് തന്നെ കുറച്ചു വൈകിയായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ഇവിടം വന്ന ആദ്യ ദിനം മുതൽ തന്നെ ഹിനയുടെ  മനസ്സിൽ എന്തൊക്കെയോ മിന്നിമറിയുന്നുണ്ടായിരുന്നു. തികച്ചും ഇസ്ലാമികപരമായ അന്തരീക്ഷം, ചിട്ടയോടു കൂടിയ ദിനചര്യ, അല്ലാഹുവിൻ്റെയും അവൻ്റെ മതത്തെപ്പറ്റിയും കൂടുതൽ മനസ്സിലാക്കാൻ പറ്റിയ ക്ലാസുകൾ അങ്ങനെ നീണ്ടുപോകുന്നു ഇവിടത്തെ സവിശേഷതകൾ.

        ഒന്നാമത്തെ തസ്‌കിയ ക്ലാസ് കഴിഞ്ഞതിനുശേഷം അവളുടെ ജീവിതം പുതിയ വഴിയിൽ കൂടിയായിരുന്നു സഞ്ചാരം. തന്റെ ഇത്രയും കാലത്തെ സന്തോഷമല്ല ശരിക്കുമുള്ളതെന്ന് അവൾ മനസ്സിലാക്കി. ആർക്കോവേണ്ടി ജീവിച്ച ഇത്രയും കാലം വെറുതെയായെന്ന് അവൾക്ക് തോന്നി. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനിടയിലാണ് ജാമിഅയുടെ എക്സ്പോ വരുന്നത്. ഒരു അധ്യയന വർഷം ആരംഭിച്ചിട്ട് കുറച്ചു മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നിട്ട് പോലും വിദ്യാർത്ഥിനികൾ പഠനത്തിനിടയിലും ഇതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയാണ് ചെയ്തത്.

          ഹിന അവളുടെ എക്സ്പോ ഗ്രൂപ്പിൻ്റെ വർക്കുകളിൽ വളരെയധികം സഹായിച്ചു. എക്സ്പോയുടെ വർക്കുകൾ അതിവേഗത്തിൽ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥിനികൾ ഓരോരുത്തരും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ടീച്ചർ ഹിനയോട് ഒരു വർക്ക് ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ എന്ന് കരുതി അവൾ അത് മാറ്റിവെച്ചു. കുറച്ചുസമയത്തിനുശേഷം എല്ലാ റൂമിലും വെറുതെ ഒന്ന് കയറിയിറങ്ങാം എന്ന് വിചാരിച്ച് ഓരോ റൂമിലും കയറുകയായിരുന്നു. ഓരോ റൂമിൽ നിന്നും കുറെയധികം അറിവുകൾ ലഭിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ റൂമും കയറിയിറങ്ങിയതിനു ശേഷം അവൾ എത്തിയത് 'മരണം' എന്നുള്ള റൂമിലാണ്. ഈ റൂമിൽ കയറുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. നമ്മളെ വളരെയധികം ചിന്തിപ്പിക്കുന്ന ഖുർആൻ വചനങ്ങളും മറ്റുമാണ് ഈ റൂമിൽ ഉണ്ടായിരുന്നത്.

           ഹിന ചുമരിൽ തൂങ്ങി ഇരിക്കുന്ന ഓരോന്നും വായിച്ചു കൊണ്ടിരിക്കവെ, അതിമനോഹരമായി ചാർട്ടിൽ എന്തോ എഴുതിയത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അതിൽ എഴുതിയിരുന്നത് "Every soul will taste death" എന്നായിരുന്നു. ഇത് അവളുടെ മനസ്സിൽ വല്ലാത്ത തട്ടി. അവൾ പലവട്ടം വായിച്ചു നോക്കി. അവൾക്ക് തന്നെ ശരീരത്തിൽ എന്തെല്ലാമോ സംഭവിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് ഹിന റൂമിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റൊരു റൂമിലേക്ക് കയറിയപ്പോൾ അവൾ ആദ്യം വായിച്ചത് "നാളെ ചെയ്യാം എന്ന് വിചാരിച്ചിരുന്ന പലരും ഇന്ന് ആറടി മണ്ണിലാണ്" എന്നാണ്.  ഇത് കണ്ടപ്പോഴാണ് ടീച്ചർ ഇന്നലെ തന്ന വർക്ക് നാളെ ചെയ്യാം എന്ന് പറഞ്ഞു മാറ്റിവെച്ചത് അവൾക്ക് ഓർമ്മ വന്നത്. അവൾ വേഗത്തിൽ തന്നെ റൂമിലേക്ക് ഓടി. ടീച്ചർ തന്ന വർക്ക് ചെയ്യാൻ തുടങ്ങി. അവൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇത്രയും കാലം എന്താണ് ചെയ്തതെന്നും ആർക്കു വേണ്ടിയാണെന്നും ആലോചിച്ചു അവൾ വിതുമ്പാൻ തുടങ്ങി. പെട്ടെന്നാണ് ടീച്ചർ റൂമിൽ കയറി വന്നത്. അവൾ മുഖം തുടച്ച് ടീച്ചർ പറഞ്ഞതുപോലെ ചെയ്തു. ഈ സമയം മുതൽ അല്ലാഹുവിൻ്റെ നല്ലൊരു അടിമയായി മാറാൻ വേണ്ടി അവൾ തീരുമാനിച്ചു .

         ഈ പ്രാവശ്യം വീട്ടിലേക്ക് വിളിക്കുമ്പോൾ അവൾ ക്ക് പറയാൻ കുറെയധികം ഉണ്ടായിരുന്നു.  ഉമ്മ ഫോൺ എടുത്തു വിശേഷം ചോദിച്ചപ്പോൾ തന്നെ അവൾ വിതുമ്പാൻ തുടങ്ങി....


ആയിശ നൗറിൻ
(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)


Comments

  1. This comment has been removed by the author.

    ReplyDelete
  2. മരണ ചിന്ത മനുഷ്യനെ നന്നാക്കും എന്നത് എത്ര അർഥവത്താണ് 👍

    ReplyDelete

Post a Comment

Popular Posts