സ്ത്രീകൾക്ക് മതവിജ്ഞാനം അനിവാര്യമോ?

 


സ്ത്രീകൾക്ക് മതവിജ്ഞാനം അനിവാര്യമോ?


അറിവ് നേടൽ മനുഷ്യൻ്റെ ജന്മാവാസനയാണ്. അറിവ് നേടുമ്പോഴാണ് ഒരാൾ യഥാർത്ഥ മനുഷ്യനാവുന്നത്. മറ്റു ജീവികളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്നത് ഒരളവോളം അവൻ നേടിയ അറിവ് തന്നെയാണ്.

അറിവ് സമ്പാദനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. അതുകൊണ്ട് തന്നെ "നീ സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക" (96/1) എന്ന അർത്ഥവത്തായ എന്ന കൽപ്പന കൊണ്ടാണ് സർവ്വജ്ഞാനിയായ അല്ലാഹു ഖുർആൻ അവതരണത്തിന് ആരംഭം കുറിച്ചത്. ഭൗതികമായ അറിവ് നേടലിനെക്കാളും ഒരാൾ അറിവ് പ്രാധാന്യം നൽകേണ്ടത് മതപരമായ അറിവ് നേടലിനാണ്. പുരോഗമനത്തിന്റെയും പ്രബുദ്ധതയുടെയും കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് മതപഠനത്തിന് നാം എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ മതപഠന കാര്യത്തിൽ.

പൊതുവേ പെൺകുട്ടികളുടെ മതപഠനം മദ്രസകളിൽ അഞ്ചാം ക്ലാസോ ഏഴാം ക്ലാസോ വരെയാണ്. അതും പരിമിതമായ സമയം മാത്രം. തുടർന്നുള്ള അവളുടെ മതപഠനത്തിൻ്റെ കാര്യ കാര്യത്തിൽ പല രക്ഷിതാക്കളും ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് വാസ്‌തവം. എന്നാൽ ഒരു മുസ്ലിം സ്ത്രീ പുരുഷന്മാരെ പോലെ മതവിധികളാൽ കൽപ്പിക്കപ്പെട്ടവൾ ആയതുകൊണ്ട് തന്നെ അത് അവൾ പഠിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന കാര്യം നമ്മളിൽ പലരും വിസ്മരിക്കുന്നു. മതപഠനത്തിനാവശ്യമായ അവസരവും പ്രോത്സാഹനവും നൽകൽ അവളുടെ ഉത്തരവാദിത്തപ്പെട്ടവരുടെ ബാധ്യതയാണ്.

അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തു രക്ഷിക്കുക" (വി ഖു 66/6).

ഇതിന്റെ വിശദീകരണത്തിൽ അമാനി മൗലവി (റഹി) പറയുന്നു: ഇങ്ങനെയുള്ള നരകശിക്ഷയിൽ അകപ്പെടാൻ കാരണമാകാതെ ഓരോ സത്യവിശ്വാസിയും സന്താനങ്ങളെയും അവരുടെ ഭാര്യ, മക്കൾ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തരും തന്റെ കാര്യം നോക്കിയാൽ പോരാ, കുടുംബത്തിന്റെ കാര്യം കൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്. ഈ ആയത്തിന്റെ തന്നെ വിശദീകരണത്തിൽ അലി (റ) പറഞ്ഞു: "അഥവാ,നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക."

ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് എന്തെന്നാൽ തൗഹീദ്, ശിർക്ക്, നമസ്കാരം, സകാത്ത്, നോമ്പ്, മാതാപിതാക്കളോടും ഭർത്താവിനോടും ഉള്ള കടമകൾ, ആർത്തവ സമയത്തെ വിധിവിലക്കുകൾ എന്നീ അടിസ്ഥാനപരമായ അറിവുകൾ എങ്കിലും നൽകി മതനിഷ്ഠ ഉള്ളവരായി ജീവിക്കുന്ന കുടുംബാംഗങ്ങളാക്കി മാറ്റുക എന്നത് നരക സ്‌പർശനത്തിൽ നിന്നും രക്ഷ ലഭിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾ മതപഠനത്തിനായി മുന്നിട്ട് വരേണ്ടതുണ്ട്. 

സ്വാലിഹ് അൽ ഫൗസാൻ (ഹഫി) പറഞ്ഞു: "ഒരു മുസ്ല‌ിം സ്ത്രീക്ക് അവൾക്ക് സാധിക്കുന്നത്ര ദീനിൽ വിജ്ഞാനമുണ്ടാക്കുക എന്നത് നിർബന്ധമാകുന്നു. എന്നാൽ അവളുടെ ഭർത്താവിനെ അനുസരിക്കലും അദ്ദേഹത്തിന് സേവനം ചെയ്യലും സന്താനങ്ങളെ പരിപാലിക്കലും ഗൗരവമേറിയ കടമയുമാണ്. അതിനാൽ ദിവസവും  പഠിക്കാനായി അവൾ അവസരം കണ്ടെത്തേണ്ടതുണ്ട്. അത് കുറച്ചാണെങ്കിലും കുറച്ച് സമയത്തെ ഇരുത്തമാണെങ്കിൽ കൂടി. അല്ലെങ്കിൽ ഓരോ ദിവസവും വായനക്കായി അവൾ സമയം കണ്ടെത്തിക്കൊള്ളട്ടെ. ബാക്കിയുള്ള സമയം ദിനേനയുള്ള അവളുടെ ജോലിക്കായി മാറ്റിവെക്കുകയും ചെയ്യട്ടെ. ദീനിൽ വിജ്ഞാനമുണ്ടാകുന്നതിനെ അവൾക്ക് ഉപേക്ഷിക്കാവതല്ല". ( 4/179 المنتقى)

നമ്മുടെ മുൻഗാമികളായ സ്ത്രീകൾ ദീനി പഠനകാര്യത്തിൽ അതീവ താല്പര്യം കാണിച്ചിരുന്നു. സ്ത്രീകൾ പ്രവാചകനോട് പറഞ്ഞു: "ഞങ്ങളെക്കാൾ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കൾ തന്നെ ഞങ്ങൾക്ക് ഒരു ദിവസം നിശ്ചയിച്ച് തരണം”. അപ്പോൾ പ്രവാചകൻ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചു കൊടുക്കുകയും അവർക്ക് ഉപദേശങ്ങളും കൽപ്പനകളും നൽകുകയും ചെയ്തു. (ബുഖാരി)

ഇതുപോലെ മതത്തിൽ പാണ്ഡിത്യം നേടാനും, മതബോധമുള്ളവളായി ജീവിക്കാനും, അതുപോലെ മറ്റുള്ളവർക്ക് ദീനിന്റെ വെളിച്ചം എത്തിക്കാനും അതിൽ ക്ഷമിക്കാനും ഒക്കെയായി നമ്മിൽ ഓരോ സ്ത്രീയും തല്പരരായിക്കൊണ്ട് മുന്നോട്ട് വരുമ്പോഴാണ് വിഷലിപ്തരഹിതമായ ഉത്തമ തലമുറയെ വാർത്തെടുക്കാനും, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരലോക വിജയം കൈവരിക്കാനും സാധിക്കുകയുള്ളു എന്ന തിരിച്ചറിവിൽ നിന്നുമാണ് മതപഠനത്തിന്റെ അനിവാര്യത ഉദയം കൊള്ളുന്നത്.



റാഷിദ ബിൻത് മുസ്തഫ

 (കുല്ലിയ്യത്തു ശരീഅ, രണ്ടാം വർഷം, 2025-26)

Comments

Popular Posts