പടിയിറങ്ങും മുമ്പേ…
എല്ലാ പരിപാടികൾക്കും അവസാനം കുറിച്ച് തന്റെ റൂമിൽ വന്ന് കിടന്നപ്പോഴും പുറത്തെ ശബ്ദങ്ങൾ പൂർണമായും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. കയ്യിൽ ചുവന്നു കിടക്കുന്ന മൈലാഞ്ചി ചിത്രങ്ങൾ മനസ്സിനെ വീർപ്പുമുട്ടിക്കുന്നു. കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. ജീവിതത്തിന്റെ ഭാരങ്ങളറിയാത്ത കാലം എന്നിൽ നിന്നും നഷ്ടപ്പെടാൻ പോകുന്നു. ഇനി ഈ വീടും വീട്ടുകാരും അന്യരാണ്. ഇവിടെ ഞാൻ അതിഥിയും.....
മാമ്മി തന്ന ആശ്വാസവാക്കുകളാണ് ഇതുവരെ മനസ്സിനെ വരുതിയിലാക്കിയത്. അല്ലെങ്കിലും ഉമ്മയെക്കാൾ കൂടുതൽ എന്നെ നോക്കിയതും വളർത്തിയതും മാമ്മിയാണല്ലോ. എന്റെ കൈകളിൽ മുഴുവൻ മൈലാഞ്ചിയും നിറച്ച്, ഇവിടെ ഉണ്ടായിരുന്ന പീക്കിരികൾക്കും മൈലാഞ്ചി ഇട്ടുകൊടുത്ത് ക്ഷീണിച്ച് കിടന്നതാണ് പാവം. അല്ലെങ്കിൽ അവിടെ പോയി മാമ്മിയുടെ അടുത്ത് കുറച്ച് നേരം സമാധാനമായി കിടക്കണം എന്നുണ്ട്. മാമ്മിക്കും കൂടുതൽ പ്രായമൊന്നും ഇല്ലാത്തതുകൊണ്ട് എന്നെ കൃത്യമായി മനസ്സിലാക്കാൻ പറ്റും. കല്യാണച്ചർച്ചകൾ തുടങ്ങിയത് മുതലേ എന്റെ കൂടെത്തന്നെയുണ്ട്......
ചിന്തകൾ കാടുകയറി മാമൻ മാമ്മിയെ കെട്ടിക്കൊണ്ടുവന്നതൊക്കെ ഓർത്തുപോയി..... എന്തൊക്കെ പറഞ്ഞാലും ഇനി ഇതൊക്കെ അന്യമാണല്ലോ റബ്ബേ... പുറത്തെ ശബ്ദങ്ങൾ കൂടിക്കൂടി വന്നു. വീട്ടിലെ ഓരോ ഇടത്തും വെളിച്ചം പടർന്നു. എന്തോ അസ്വാഭാവികത തോന്നി പുറത്തുപോയി നോക്കിയപ്പോൾ മാമൻ മാമ്മിയെ എടുത്തോടുന്നു. മാമ്മി കരയുകയാണോ, മനസ്സിലാവുന്നില്ല. മാമ്മിയുടെ ഡ്രെസ്സൊക്കെ നനഞ്ഞിട്ടുണ്ട്. മൂത്രമൊഴിച്ചെന്ന് തോന്നുന്നു. എന്താ സംഭവം....! ഞാൻ വേഗം ഉമ്മയുടെ അടുത്തേക്ക് പോയി. മാമ്മിക്ക് നെഞ്ചുവേദന കൂടിയതാണത്രേ. രണ്ടു ദിവസം മുൻപാണ് പ്രഷർ കൂടിയതിന് ട്രിപ്പ് ഇട്ടുവന്നത്. ഒന്നും വരുത്തല്ലേ നാഥാ....! എന്നെ അവിടെ കൂടുതൽ നേരം നിൽക്കാൻ സമ്മതിക്കാതെ ഉപ്പ പറഞ്ഞയച്ചു.
"മോളെ, നാളെ കല്യാണല്ലേ, പോയി ഉറങ്ങിക്കോ..."
തിരിച്ചുവന്ന് ബെഡിൽ കിടന്ന എന്റെ ഉള്ള സമാധാനവും പോയിക്കിട്ടി. എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം നീക്കി. റൂമിന്റെ ഒരു മൂലയിൽ തൂക്കിയിട്ട ബ്രൈഡൽ ഡ്രസ്സ് കാണുന്തോറും മനസ്സിലെ പിരിമുറുക്കം കൂടിവരുന്നുണ്ട്.
സമയം നാലരയോടടുത്തിട്ടുണ്ട്. വാതിലിൽ ആരോ മുട്ടുന്നു. ബ്യൂട്ടീഷ്യൻ വന്നതാവും. പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ ഉമ്മ പരിഭ്രാന്തിയോടെ നിൽക്കുന്നു.
"എന്താ... എന്താ മ്മാ പറ്റിയത്? എന്താ പ്രശ്നം?"
"മാമ്മി... മാമ്മി പോയി മോളെ...."
ഉമ്മ ഒരു പൊട്ടിക്കരച്ചിലോടെ എന്റെ നെഞ്ചിൽ വീണു. എന്ത്! എനിക്ക് വിശ്വസിക്കാനാവുന്നില്ല.
"എന്താ മ്മാ, ങ്ങള് പറഞ്ഞത്? മാമ്മിക്കെന്താ.....?"
"അറ്റാക്കാണെന്നാ പറേണത്. ഇപ്പപ്പോ വിളിച്ചീനി," ഉമ്മ തേങ്ങലടങ്ങാനാവാതെ പറഞ്ഞു.
എനിക്ക് ചുറ്റും ഭൂമി വലയം വെക്കും പോലെ. ശബ്ദം പുറത്തു വരുന്നില്ല. കണ്ണുകൾ പോലും നിശ്ചലമായിരിക്കുന്നു. ഇപ്പോൾ ഞാൻ എന്താണ് ചെയ്യുക....? ഭൂതകാലമോ ഭാവിയോ ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല. ഒന്ന് കരയാൻ പോലും കഴിയുന്നില്ല. വല്ലാത്ത അവസ്ഥ.....!
സമയം വീണ്ടും നീണ്ടുപോയി. നേരം വെളുത്തിരുന്നു. എത്ര പെട്ടെന്നാണ് ഒരു കല്യാണവീടിന്റെ പ്രതീതികൾ മാറിമറിഞ്ഞത്. ഒട്ടും ധൃതിയില്ലാതെ, ഹോണടിശബ്ദമില്ലാതെ ഒരു ആംബുലൻസ് വീടിനു മുന്നിലെത്തി. വെള്ളയിൽ പുതച്ച് മാമ്മിയെ വീടിനുള്ളിലേക്ക് കയറ്റുമ്പോൾ മറ്റാരുടെയും മുഖം എന്റെ മുന്നിൽ തെളിഞ്ഞില്ല. ആ തണുത്ത മുഖത്ത് ഒന്ന് തൊട്ടുനോക്കിയപ്പോൾ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർപ്പ് പാഞ്ഞുപോയത് പോലെ.
ഫാൻസി സാധനങ്ങളൊന്നും വാങ്ങി മാമനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതുന്ന മാമ്മി ഇപ്രാവശ്യം നല്ല ഡ്രെസ്സും ഫാൻസിയും ഒക്കെ വാങ്ങിയത് ഇതിനായിരുന്നോ....? എല്ലാ തിരക്കുകളേയും മാറ്റിവെച്ച് മാമനോട് കുശലം പറഞ്ഞത് അവസാനത്തേതാവും എന്ന് കരുതിയാണോ....? തന്റെ പിഞ്ചുമക്കൾക്ക് വേണ്ട എല്ലാ കളിക്കോപ്പുകളും മാമനെക്കൊണ്ട് വാങ്ങിച്ചത്.....?
ഓരോരുത്തരും വന്ന് മാമ്മിയെ നോക്കി സഹതാപത്തോടെ തിരിച്ചുപോവുന്നു. മാമന്റെ മുഖം മാത്രം വിവരിക്കാൻ കഴിയുന്നില്ല. ഉറക്കമുണർന്ന് വരുന്ന ഓരോ കുഞ്ഞുങ്ങളുടെ കൈകളും ചുവന്നിരിക്കുന്നുണ്ട്. ഞാൻ എന്റെ കൈകളിലേക്ക് ഒന്ന് നോക്കി. ചുവന്നു കിടക്കുന്ന മൈലാഞ്ചി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ.....
ഇന്നലെ വരെ ഓടിച്ചാടി ഈ വീടിന്റെ ഓരോ ദിക്കിലും വെളിച്ചമായവൾ, ഇനി ആറടി മണ്ണിലെ ഇരുട്ടിലാണ്. ഞാൻ മാമ്മിയെ ഒന്നുകൂടെ കൺനിറച്ചു കണ്ടു. ഇനി വേണമെന്ന് വിചാരിച്ചാൽ പോലും കാണാൻ കഴിയില്ലല്ലോ.......!
(കുല്ലിയ്യതു ശരീഅ, മൂന്നാം വര്ഷം, 2026-27)
اللهم اغفرلها
ReplyDelete