സാമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതവും വിദ്യാർത്ഥിത്വവും
ഇന്നത്തെ സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന ഒരു മേഖലയാണ് സോഷ്യൽ മീഡിയ. വിദ്യാർത്ഥി സമൂഹത്തെ അത് കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ഈ ആധുനിക ലോകത്ത് സോഷ്യൽ മീഡിയയിൽ അംഗത്വമില്ലാതെ ജീവിക്കുക എന്നത് ഏതൊരാൾക്കും അസാധ്യമാണ്. എന്നാൽ സമകാലിക വിദ്യാർത്ഥി സമൂഹത്തിന്റെ പൂർണ്ണ നിയന്ത്രണം സോഷ്യൽ മീഡിയയുടെ അൽഗോരിതങ്ങളിലാണ്. വിദ്യാർത്ഥികൾക്ക് എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന സോഷ്യൽ മീഡിയ അവരുടെ ജീവിതത്തെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു.
എന്തുകൊണ്ട് വിദ്യാർത്ഥികൾ പ്രധാനികൾ?
വിദ്യാർത്ഥി സമൂഹം ഇന്ന് പൂർണ്ണമായും സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ നല്ല പങ്കും അതിൽ ചെലവഴിക്കുന്നു. എല്ലാ സോഷ്യൽ മീഡിയ ആപ്പുകളിലും അംഗത്വമെടുത്ത് അതിൽ പൂർണ്ണമായും അടിമപ്പെടുന്നു നമ്മുടെ വിദ്യാർത്ഥി സമൂഹം. ഒരു വ്യക്തിയെ പൂർണ്ണമായും അതിൽ പിടിച്ചിരുത്താനുള്ള എല്ലാ മാർഗങ്ങളും പുതിയ രീതികളായി അതിൽ കൊണ്ടുവരപ്പെടുന്നു. കുട്ടികളിൽ ‘ഇസ’ങ്ങളുടെ കൂമ്പാരം തന്നെ അതിനാൽ വളരുന്നു. സ്വവർഗരതിയും മറ്റു അശ്ലീലങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സാധാരണവൽക്കരിക്കപ്പെടുന്നു. ഒരു സമൂഹത്തിന്റെ ഭാവി എന്ന് പറയുന്നത് അവിടെ വളർന്നുവരുന്ന വിദ്യാർത്ഥികളാണ്. സോഷ്യൽ മീഡിയ ഒരു വിദ്യാർത്ഥിയെ മാത്രമല്ല സ്വാധീനിക്കുന്നത്; അത് സമൂഹത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുന്നു.
കുട്ടിക്കളിയാണോ സോഷ്യൽ മീഡിയ?
നാം പ്രധാനമായും നമ്മോടും സമൂഹത്തോടും ചോദിക്കേണ്ട പ്രധാന ചോദ്യമാണ്: ‘കുട്ടികൾക്ക് കളിക്കാനുള്ള ഇടമാണോ സോഷ്യൽ മീഡിയ?’ യഥാർത്ഥത്തിൽ അതിന്റെ വാസ്തവത്തിലേക്കിറങ്ങിയാൽ, തീർച്ചയായും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിനുള്ളതല്ല സോഷ്യൽ മീഡിയ. എന്നാൽ പൂർണ്ണമായും ഒഴിവാക്കണമെന്നല്ല. വളർന്നുവരുന്ന വിദ്യാർത്ഥിക്ക് അവരുടെ നൈപുണ്യങ്ങളും കഴിവുകളും വളർത്തിയെടുക്കാൻ അത് ഉപയോഗിക്കാം. എന്നാൽ വളരുന്ന മസ്തിഷ്കത്തെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ അതിൽ ചായം നൽകി കാഴ്ചയ്ക്ക് വെച്ചിരിക്കുന്നു. ആ ചായങ്ങളുടെ മായാലോകത്തേക്ക് പോകാതെ ശ്രദ്ധിക്കണം. സ്ത്രീകളുടെ നഗ്നത വിൽക്കുന്ന കേന്ദ്രമായാണ് ഇന്ന് സോഷ്യൽ മീഡിയകൾ പ്രവർത്തിക്കുന്നത്. ഇനി കാറിന്റെയോ ഷർട്ടിന്റെയോ പരസ്യമാകട്ടെ, അതിൽ സ്ത്രീകളുണ്ടാകും. ഇതെല്ലാം കുട്ടിയുടെ തലച്ചോറിനെ വളരെ മോശമായി സ്വാധീനിക്കുന്നു. ഗുണ്ടായിസം, ലഹരി തുടങ്ങിയ എല്ലാ മേഖലകളിലേക്കും വിദ്യാർത്ഥി സമൂഹത്തെ സുഗമമായി എത്തിക്കുന്ന മാർഗമായി അതിനെ നമുക്ക് കാണാം.
കളിക്കളത്തിൽ ആർക്ക് എന്തെല്ലാം കളിക്കാം?
സോഷ്യൽ മീഡിയയ്ക്ക് പ്രത്യാഘാതങ്ങളുണ്ടെങ്കിലും, ഏറെ ബുദ്ധികൂർമ്മതയോടെ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾക്ക് വേണ്ടിയും അതിനെ ഉപയോഗിക്കാം. ഇന്ന് ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ ഉപയോഗിച്ചുതന്നെ ഏറെ വിദ്യാർത്ഥികൾ പലതരം കഴിവുകൾ തെളിയിച്ചതായി കാണാം. പുതിയ പുതിയ ഉപകരണങ്ങളും കോഡിങ്ങും മറ്റും അവർ കൈക്കുള്ളിലൊതുക്കുന്നു. ചിലർ അതിനെ വരുമാനത്തിനുള്ള മാർഗമാക്കുന്നു. ഇതെല്ലാം രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ആക്കൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വലിയ യൂണിവേഴ്സിറ്റികളിൽ നിന്ന് പി.എച്ച്.ഡി. കഴിഞ്ഞിറങ്ങിയ ഗവേഷകരാണ് സോഷ്യൽ മീഡിയയുടെ പല കാര്യങ്ങളും അൽഗോരിതങ്ങളും നിർമ്മിച്ച് പ്രയോഗിക്കുന്നത്. നാം അവരോടാണ് മത്സരിക്കുന്നത് എന്ന പൂർണ്ണ ബോധത്തോടെ നാം അത് ഉപയോഗിക്കണം. ആധുനിക ലോകത്ത് പലതരം ആപ്പുകളും മറ്റും വിദ്യാർത്ഥികൾ വികസിപ്പിച്ചതായി നമുക്ക് കാണാൻ സാധിക്കും. നമ്മുടെ ബുദ്ധി ഉപയോഗിച്ച് നിർമ്മിത ബുദ്ധിക്ക് മുമ്പേ നാം ഓടണം. ഇന്ന് ‘ഒരു ദിവസം ഒരു മണിക്കൂർ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുകയുള്ളൂ’ എന്ന് പ്രതിജ്ഞ ചെയ്ത് ഉപയോഗിക്കുന്ന കുട്ടികളെ നമുക്ക് കാണാം. ഇങ്ങനെയെല്ലാം നിയന്ത്രണം വരുത്തി ഉപയോഗിച്ചാൽ നമുക്ക് മിക്കവാറും പ്രശ്നങ്ങൾ ഇല്ലാതാക്കാം.
ഫാത്തിമ സജ
(മഅ്ഹദുല്ലുഗ, ഒന്നാം വർഷം, 2026-27)

Comments
Post a Comment